അബുദാബി: സ്ത്രീപക്ഷ സിനിമ എന്ന ലേബൽ റേച്ചൽ സിനിമയ്ക്ക് നൽകേണ്ടതില്ലെന്ന് സംവിധായിക ആനന്ദിനി ബാല. ഡിസംബർ ആറിന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആനന്ദിനി.
ജീവിതത്തിലെ ഏറ്റവും സങ്കീർണമായ പരുക്കൻ യാഥാർഥ്യങ്ങളെ നേരിടുന്ന ഇറച്ചിവെട്ടുകാരിയായ ഒരു അവിവാഹിതയുടെ കരുത്തുറ്റ കഥാപാത്രത്തെയാണ് താൻ അഭിനയിക്കുന്നതെന്ന് മുഖ്യവേഷം ചെയ്യുന്ന നടി ഹണി റോസ് വിശദീകരിച്ചു.
അതിജീവനത്തിനേക്കാൾ ഉപരി സ്വത്വബോധവും ആത്മാഭിമാനവും നേടിയെടുക്കാനുള്ള പോരാട്ടമാണ് കഥയുടെ കാതൽ. 20 വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യമായണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതെന്നും കിട്ടിയത് ഏറ്റവും ശക്തമായ കഥാപാത്രമായത് ഏറെ സന്തോഷം നൽകുന്നതായും ഹണി റോസ് പറഞ്ഞു.
ഡിസംബർ ആറിന് സിനിമയുടെ ആഗോള റിലീസ് നടക്കുമെന്ന് നിർമ്മാതാവ് ബാദുഷാ അറിയിച്ചു. എബ്രിഡ് ഷൈൻ, ഐഎസ്സി പ്രസിഡന്റ് ജയചന്ദ്രൻ നായർ, സെക്രട്ടറി സത്യബാബു, വനിതാ വിഭാഗം കൺവീനർ ഡോ. ശ്രീദേവി ശിവാനന്ദം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.